ഉത്സവങ്ങൾ
ഓരോ വേർപാടും ഓരോ മരണമാണ് .
ഇങ്ങിനി വരാത്ത എല്ലാ പിരിയലുകളും
നമ്മെ അടർത്തിക്കൊണ്ട് പോവുന്നു.
ആക്രമിക്കുന്ന കടൽ കരയെയും
ഉരുൾപ്പൊട്ടലുകൾ കുന്നുകളെയും
അടർത്തിക്കൊണ്ട് പോകുന്നതുപോലെ
വേർപാടുകൾ നമ്മുടെ ജീവനെയും...!
ഒരിക്കലും തിരികെ വരാത്ത പിരിഞ്ഞു പോവലുകൾ
അവശേഷിക്കുന്ന നമ്മെ ചില്ലിട്ട ചിത്രങ്ങളിലെ
മങ്ങിയ പ്രതിഛായകളാക്കുന്നു.
പിരിഞ്ഞു പോയ മരിച്ചവരും ഇപ്പോഴും ജീവിക്കുന്നവരും
ഉറങ്ങുന്നത് മറവിയുടെ മൂടൽമഞ്ഞു പടരുന്ന
താഴ്വരകളിലാണ്.
ഭൂഖന്ധങ്ങളിലെ പ്രവാസത്തിലും
സ്വർഗത്തിലെ ഉദ്യാനങ്ങളിലും
നാം നമ്മെ പൊതിയുന്നത്
മങ്ങിയ മറവിയുടെ
ഒരേ പുതപ്പുകൊണ്ടാണ്.
അകലങ്ങളിലാവുന്ന നമ്മുടെ പുഞ്ചിരികളിലും,
കണ്ണുകളിൽ സ്നേഹത്തിൻറെയും നൊമ്പരത്തിൻറെയും നനവുണ്ട്.
മണ്‍പാതയിലൂടെയുള്ള നമ്മുടെ യാത്രകളും
കൈമാറിയ സ്നേഹവും നിശ്ശബ്ദ വാഗ്ദാനങ്ങളും
മറന്നുകളയാൻ നാം നിദ്രകളിൽ പോലും
വെളിപാടുകൾ തേടുന്നു...
പുകമഞ്ഞുപോലെ പാറിപ്പോകുന്നതാണ് ജീവിതം
വയലിലെ പൂവ് പോലെ കൊഴിഞ്ഞു പോവുന്നതും
അതിൽ നിന്നും സ്വന്തങ്ങളുടെ എത്രയെത്ര
ഇതളുകൾ നിരന്തരം അടർന്നു വീഴുന്നു....!
സ്നേഹിച്ചും കലഹിച്ചും ചിരിച്ചും
കണ്ണീരിൽ നനഞ്ഞും,
നിറയുന്ന അർത്ഥങ്ങളുടെ ഉത്സവമാണ് ജീവിതം.
ഉത്സവങ്ങളിൽ തമ്മിൽ കണ്ടുമുട്ടിയും
ആഹ്ലാദിച്ചും നാം
ജീവിതത്തെ സ്നേഹിച്ചു പോവുന്നു.
ഉത്സവപ്പൂരവും നിറങ്ങളുടെ അവസാന രാവും കഴിഞ്ഞ്
തോരണങ്ങളഴിക്കുന്ന പിറ്റെന്നി നു മുമ്പ്
നാം യാത്ര ചൊല്ലുന്നു,
നമ്മുടെ ഇടങ്ങളിലേക്ക്... ഇഷ്ടങ്ങളിലേക്ക്...
ഇനി വരാതെ, ഇനിയൊരുത്സവം നമുക്കില്ലാതെ....!
പിന്നെയെങ്ങോ നാം അകലങ്ങളിലെ
ഏകാന്ത വേളകളിൽ
കഴിഞ്ഞുപോയ ഉത്സവങ്ങളെ
നെടുവീർപ്പുകളാക്കുന്നു...
രാത്രിയുടെ നിശ്ശബ്ദതയിൽ
ജാലകത്തിലൂടെ തെരുവിലേക്ക് നോക്കുമ്പോൾ
നാടോടികളുടെ കൂട്ടം.
ആകാശത്തിൻ കീഴിൽ
നക്ഷത്രങ്ങളുടെ താഴെ അവർ
ആഹ്ലാദിക്കുന്നു, കലഹിക്കുന്നു
അന്നത്തെ അപ്പമുണ്ടാക്കുന്നു.
പിരിയാതെ, പോകാൻ കാരണങ്ങളില്ലാതെ അവർ.
കൊടിയിറങ്ങാത്ത കുഞ്ഞുത്സവങ്ങൾ...
രാവേറെയായി ഇനി അവരുറങ്ങട്ടെ...
തേങ്ങലുകളില്ലാതെ...
rtv
22.09.2014










