Tuesday, January 19, 2016

നാടോടിയുടെ വീട് 



വൃദ്ധനായ നാടോടിയെ ഇന്നലെ ജനം 
മർദ്ധിച്ചു മുറിവേൽപ്പിച്ചു.
നാൽക്കവലയിൽ നാലു ദിനം 
കടത്തിണ്ണയിലിരുന്ന വൃദ്ധനെ 
ജനം രോഷം പൂണ്ട് വലിച്ചിഴച്ചു. 
ചുറ്റും ജനം തിങ്ങി നിൽക്കുമ്പോൾ 
ചെറുപ്പക്കാർ വയറ്റത്ത് ചവിട്ടി... 
വസ്ത്രങ്ങൾ കീറി. 
കൈകളുയർത്തി അരുതേയെന്ന് 
അയാൾ യാചിക്കുന്നുണ്ടായിരുന്നു. 
അപരാധം എന്തെന്ന് ജനം പരസ്പരം ചോദിച്ചു. 
മറുപടി കിട്ടാതെ അവർ 
വീണ്ടും അയാളെ അടിച്ചു. 

നാടോടികളെ സൂക്ഷിക്കണം. 
ഊരും പേരുമില്ലാത്തവർ
ഏതു പാതകവും ചെയ്യും... 
ആഭരണങ്ങൾ മോഷ്ടിക്കും, 
മയക്കുപൊടി വിതറും... 
കൊള്ളയടിക്കും... 
കുട്ടികളെ തട്ടിക്കൊണ്ടു പോകും. 
ഇയാൾ ഒരു പെൺ കുഞ്ഞിനെയാണ് 
തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് 
ജനം ക്രുദ്ധരായി തറപ്പിച്ചു പറയുന്നു. 

കലങ്ങിയ കണ്ണുകളിൽ നിന്നും 
ചുവപ്പൊഴുകുമ്പോൾ 
പോലീസ് വന്നിറങ്ങി 
വൃദ്ധനെ വലിച്ചിഴച്ച് 
ജീപ്പിലേക്കെറിഞ്ഞു...  
കവലയിൽ സ്ത്രീകൾ 
കൂട്ടം കൂട്ടമായി നിന്ന് അടക്കം പറഞ്ഞു. 
നെഞ്ചിൽ കൈവച്ച്  അവർ വേദനയോടെ 
നടോടികളെയെല്ലാം ശപിച്ചു. 

പോലീസ് സ്റ്റെഷൻറെ തറയിലേക്ക് 
വലിച്ചെറിഞ്ഞ അയാളുടെ വസ്ത്രത്തിൽ 
നാടോടി രക്തം! 
ബൂട്ടുകളിട്ട കാലുകൾ  കൊണ്ട്  
മെല്ലിച്ച കാലിൽ ചവിട്ടിത്തിരിച്ചു കൊണ്ട് 
കാവൽ പോലീസ് തമിഴിൽ അലറി... 
സത്യം പറയെടാ... നീ... 
ആ കുഞ്ഞിനെ എന്ത് ചെയ്യാൻ തുനിഞ്ഞു...? 
ചോദ്യങ്ങൾ ചോദിക്കാൻ തമിഴനെ വരുത്തി. 
ഇനി തമിഴിൽ ചോദിക്കൂ... 

വെള്ളം വേണമെന്ന് കൈകാട്ടി നാടോടി... 
കൊടുത്ത വെള്ളം ദാഹത്തോടെ കുടിച്ചിട്ട് 
അയാൾ ഇൻസ്പെക്ടറെ ക്ഷീണത്തോടെ നോക്കി. 
തമിഴനല്ലാത്തതിനാൽ, മലയാള ഭാഷയിൽ  പറഞ്ഞു. 
"ഞാൻ ആ കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ല ഏമാനേ... 
കടയിൽ വന്നിരുന്ന അവൾ സ്നേഹത്തോടെ 
എനിക്ക് നിലക്കടല വാങ്ങിത്തന്നു. 
വാത്സല്യം കൊണ്ട് ഞാനവളെ 
എൻറെയടുത്തേക്ക് വിളിച്ചു... 
തലയിൽ തലോടി,  
ചേർത്തു പിടിച്ചു... 
അവൾക്കു മുത്തച്ഛനില്ലായിരുന്നു... 
അവൾ മൃദുവായി മന്ദഹസിച്ചു. 
കണ്ടു നിന്നവർ, 
കുട്ടിയെ തട്ടിക്കൊണ്ടു പൊകുന്നെന്നലറി... 
അടിച്ചു വീഴ്ത്തി.

ഒരു വീട്ടിലെ മുത്തച്ഛനായിരുന്നു ഞാൻ... 
പേരക്കുട്ടികളുമുണ്ടായിരുന്നു 
സ്നേഹമില്ലാത്ത മക്കൾ, 
പുറത്താക്കിയപ്പോൾ, വീടുപേക്ഷിച്ചു. 
കൽത്തറകളിലിരുന്നു, ആൽത്തറകളിൽ കിടന്നു 
മൈലുകൾ നടന്നു... 
കടവരാന്തകളിലുറങ്ങി... 
യാചിച്ചു... 
വിശന്നു.. 

അയാളെ വലിച്ചു പുറത്തേക്കെറിഞ്ഞ് 
പോലീസുകാർ തമ്മിൽ നോക്കി പറഞ്ഞു... 
"ഈ നാടോടികളുടെ ഒരു കാര്യം...!" 

അയാളുടെ കുഴിഞ്ഞ, വിഹ്വലമായ കണ്ണുകൾ 
ചോദിക്കുന്നു 
എനിക്ക് എൻറെ വീട്ടിലേക്കു പോകാനാവുമോ...? 
വീട്ടിലേക്കുള്ള വഴിയേതാണ്...? 
എനിക്കുറങ്ങാൻ... 
എന്റെ വീട്ടിലേക്ക്... പോവാൻ... 
എൻറെ....

**********
rtv
17.01.2016

No comments:

Post a Comment

Followers